ഒഡീഷയിലെ അപകടം; മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ച് അപകടം. 280 പേരാണ് അപകടത്തിൽ മരിച്ചത്. 900 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.

ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിന്റെ 10-12 കോച്ചുകൾ ബാലേശ്വരിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. മിനുറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ ഇതിലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം അറിയിച്ചു. വളരെയധികം ദു:ഖകരമായ സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷയിൽ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അപകടത്തെ കുറിച്ച് വിശദമായ ഉന്നതതല അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.