പര്യവേക്ഷണം; ഭൂമിക്കടിയിലേക്ക് 32,802 അടി കുഴിക്കുന്ന പദ്ധതി ആരംഭിച്ച് ചൈന

ബെയ്ജിംഗ്: ഭൂമിക്കടിയിലേക്ക് 32,802 അടി (10000 മീറ്റർ) കുഴിക്കുന്ന പദ്ധതി ആരംഭിച്ച് ചൈന. പര്യവേക്ഷണത്തിന്റെ ഭാഗമായാണ് ചൈനയുടെ നടപടി. രാജ്യത്തെ എണ്ണ സമ്പന്നമായ സിൻജിയാങ് മേഖലയിലാണ് പര്യവേക്ഷണം ആരംഭിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വ്യക്തമാക്കിയിട്ടുണ്ട്. 10-ലധികം ഭൂഖണ്ഡാന്തര പാളികളിലെ പാറയുടെ പാളികളിലേക്ക് തുളച്ചുകയറുകയും ഭൂമിയുടെ പുറംതോടിലെ ക്രിറ്റേഷ്യസ് സിസ്റ്റത്തിൽ എത്തുകയും ചെയ്യുമെന്നും ഏകദേശം 145 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പാറയിലേക്കാണ് കുഴിക്കുകയെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

രണ്ട് നേർത്ത സ്റ്റീൽ കേബിളുകളിലൂടെ വലിയ ട്രക്ക് ഓടിക്കുന്നതിന് തുല്യമാണ് പദ്ധതിയെന്നും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ ശാസ്ത്രജ്ഞനായ സൺ ജിൻഷെംഗ് വെളിപ്പെടുത്തി. ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്ന് നേരത്തെ പ്രസിഡന്റ് ഷി ജിൻപിങ് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

ധാതു, ഊർജ്ജ വിഭവങ്ങൾ തിരിച്ചറിയാനും ഭൂകമ്പം, അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്താനും പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.