മണിപ്പൂർ അക്രമം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഇംഫാൽ: മണിപ്പൂർ അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരാണ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. മണിപ്പൂർ സന്ദർശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

മണിപ്പൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ സിബിഐ അന്വേഷണം നടത്തും. സുരക്ഷാ സേനകളുടെ ആയുധങ്ങൾ മോഷ്ടിച്ചവർ ഉടൻതന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്നും അമിത് ഷാ അറിയിച്ചു.

11 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി വിവിധ സംഘടനകളുമായും സുരക്ഷാസേനാംഗങ്ങളുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തിയിരുന്നു.