യുഡിഎഫിന്റെ ബിജെപി വിരുദ്ധത ഗതികേട്: വിമർശനവുമായി മുഹമ്മദ് റിയാസ്‌

riyaz

കോഴിക്കോട്: യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ നയങ്ങൾക്ക് സിന്ദാബാദ് വിളിക്കുകയും അതേസമയം തന്നെ ബിജെപി തങ്ങളുടെ മുഖ്യശത്രുവെന്ന് പരസ്യ ബോർഡ് വെക്കുകയും ചെയ്യേണ്ട ഗതികേടിലാണ് യുഡിഎഫെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യശത്രു ബിജെപി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അത് വർത്തമാനത്തിൽ മാത്രം ഉണ്ടായാൽ പോരാ. പ്രായോഗികമായി നടപ്പിലാവുന്നുണ്ടോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരളത്തിലെ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി ക്ഷണിച്ചു. കേരളത്തിലെ യു.ഡി.എഫിന് അതിൽ എന്താണ് നിലപാടെന്ന് അദ്ദേഹം ചോദിച്ചു.

യുഡിഎഫിന് ബിജെപിയാണ് മുഖ്യശത്രുവെങ്കിൽ കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എൽഡിഎഫിനെ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തതിനെ കെപിസിസിയുടെ ഒരു ഭാരവാഹി ആക്ഷേപിച്ചു. ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കിൽ കെ.പി.സി.സി. പ്രസിഡന്റ് അതിനെ തള്ളി പറയേണ്ടേ? പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാക്കളും അതിനെ തള്ളി പറയേണ്ടേയെന്ന് അദ്ദേഹം ചോദിക്കുന്നു.

ആരും അങ്ങനെ തള്ളിപ്പറയുന്നതായി കണ്ടിട്ടില്ല. അപ്പോൾ സംസ്ഥാനത്ത് മാത്രം മുഖ്യശത്രു ബി.ജെ.പി. എന്ന് യു.ഡി.എഫ്. ഇങ്ങനെ പരസ്യ ബോർഡ് വെച്ചുപിടിപ്പിക്കുന്നത് ഗതികേടാണ്. ബി.ജെ.പി. ഞങ്ങളുടെ മുഖ്യശത്രു എന്ന ഒരു പരസ്യ ബോർഡ് വെക്കുന്നിടത്തേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം മാറി എന്നത് എത്രത്തോളം നിലപാടുകളിൽ വെള്ളം ചേർക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.