45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യും; അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുമെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.

‘ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണം. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും’- ഫെഡറേഷന്‍ അറിയിച്ചു.

അതേസമയം, ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ആവശ്യപ്പെട്ടു. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും ഐഒസി കുറ്റപ്പെടുത്തി. ഇന്നലെ വൈകീട്ട് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.