മണിപ്പൂർ സംഘർഷം; കുക്കി ഗോത്രവർഗ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി അമിത് ഷാ

ഇംഫാൽ: കുക്കി ഗോത്രവർഗ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക, ഗോത്രവർഗക്കാർക്കു വേണ്ടി പ്രത്യേക ഭരണസംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചെന്നാണ് പുറത്തു വരുന്ന വിവരം. മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെയോ ജുഡീഷ്യൽ കമ്മിറ്റിയെയോ നിയോഗിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം.

ചൂരാചന്ദ്പുർ ജില്ലയിൽ വെച്ചാണ് അമിത് ഷായും കുക്കി നേതാക്കളും തമ്മിൽ ചർച്ച നടന്നത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അമിത് ഷാ ഗോത്രവർഗ നേതാക്കൾക്ക് ഉറപ്പുനൽകിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതി സാധാരണഗതിയിലേക്ക് തിരികെ വരുന്നതിനും ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും സമാധാനം ഉറപ്പുവരുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.