മുടി നീട്ടി വളര്‍ത്തിയതിന് അഞ്ച് വയസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു; ചൈല്‍ഡ് ലൈനില്‍ പരാതി

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് അഞ്ച് വയസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്ഇ സ്‌കൂളിനെതിരെയാണ് ആക്ഷേപം. കുട്ടിയുടെ മാതാവാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

‘അഡ്മിഷന് വേണ്ടി സ്‌കൂളിലെത്തി. പ്രിന്‍സിപ്പാളിനോടാണ് ആദ്യം സംസാരിച്ചത്. മറ്റുള്ള ആളുകളുമായി സംസാരിച്ചിട്ട് തീരുമാനമറിയിക്കാം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. നിങ്ങള്‍ക്കിത് അനുവദിച്ച് തന്നാല്‍ മറ്റുള്ള കുട്ടികള്‍ക്ക് ഇതൊരു പ്രചോദനമാകും. അത് സ്‌കൂളിനെ ബാധിക്കും എന്ന്. ഡൊണേറ്റ് ചെയ്യാന്‍ വേണ്ടിയാണ് മോന്‍ മുടി നീട്ടി വളര്‍ത്തുന്നത്. ഒരു വര്‍ഷമായി മുടി മുറിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് അത് അനുവദിച്ച് തരാന്‍ പറ്റില്ല എന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ മുടി കട്ട് ചെയ്‌തോളാം. സാധാരണ കുട്ടികള്‍ വരുന്നത് പോലെ വന്നോളാം എന്നും പറഞ്ഞു. പിന്നീട് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോഴും അനുവദിച്ച് തരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി’- കുട്ടിയുടെ അമ്മ വ്യക്തമാക്കി.

അതേസമയം, മറ്റ് മാതാപിതാക്കളുടെ മുന്നില്‍ വെച്ച് അധിക്ഷേപിക്കുന്ന രീതിയില്‍ സ്‌കൂള്‍ അധികൃതര്‍ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടിക്ക് പ്രവേശനം ലഭിച്ചതായും കുടുംബം വ്യക്തമാക്കി.