പ്രഭാത സവാരിക്കിറങ്ങിയ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു

തേക്കടി: പ്രഭാത സവാരിക്കിറങ്ങിയ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. തേക്കടിയിലാണ് സംഭവം. ഡിവിഷണൽ ഓഫീസിലെ ക്ലർക്ക് റോബി വർഗീസിനെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ. കട്ടപ്പന നരിയംപാറ സ്വദേശിയാണ് റോബി വർഗീസ്.

ബോട്ട് ലാൻഡിംഗിന് സമീപം ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം നടത്തിയത്. കാട്ടാനയെ കണ്ട് പരിഭ്രാന്തനായ റോബി ഓടുന്നതിനിടയിൽ വീണു. ഇതിനിടെ അദ്ദേഹത്തിന് കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് അധികൃതർ.