ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ്; സിപിഎമ്മിന്റെ പിന്തുണ തേടാനൊരുങ്ങി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെതിരെ സിപിഎമ്മിന്റെ പിന്തുണ തേടാനൊരുങ്ങി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഇതിനുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാൾ കൂടിക്കാഴ്ച നടത്തും. എകെജി ഭവനിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച.

ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുന്ന ഘട്ടത്തിൽ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനാണ് ആംആദ്മിയുടെ നീക്കങ്ങൾ. രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബില്ലിനെ പരാജയപ്പെടുത്താമെന്നാണ് അരവിന്ദ് കെജ്രിവാൾ കണക്കാക്കുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കളുമായി കെജ്രിവാൾ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരെ ഇവരുടെ പിന്തുണ കെജ്രിവാൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.