ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ നല്‍കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
‘വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര മേഖലക്ക് വലിയ പ്രോത്സാഹനവും വരുമാനവുമാണ് നല്‍കിയത്. കേരളത്തെ മികച്ച വിവാഹ, വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വിവാഹം നടത്താനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്നുണ്ട്. കേരളത്തിലേക്കും ഇങ്ങനെ നിരവധിയാളുകള്‍ എത്താറുണ്ട്. പക്ഷെ, വിനോദസഞ്ചാര വകുപ്പിന്റേതായ ഒരു പ്രോത്സാഹനമോ പ്രചാരണമോ ഇതിന് ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അതില്‍ മാറ്റങ്ങളുണ്ടാക്കി. കേരളത്തില്‍ തെങ്ങിന്‍തോപ്പുകളും വയലേലകളും പുഴയോരവും കടല്‍തീരവുമെല്ലാം വിവാഹ ഡെസ്റ്റിനേഷനുകളായി ഒരുക്കാം. മലയോര മേഖലയിലെ മനോഹരമായ പ്രദേശങ്ങള്‍ പ്രത്യേകമായി ഡെസ്റ്റിനേഷനുകളാക്കി മാറ്റാം. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസീന്‍ കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തു. കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനാക്കുന്നതിനായി ടൂറിസം വകുപ്പ് 2 കോടി രൂപ ചെലവഴിച്ച് വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഡല്‍ഹി, മുബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ കേരളത്തിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുകൊണ്ടും പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്’- അദ്ദേഹം വ്യക്തമാക്കി.

