തിരുവനന്തപുരം: വസ്തുതകൾ പഠിക്കാതെ എം.വി ഗോവിന്ദൻ മുഖ്യമന്ത്രിയെയും ബന്ധുക്കളെയും ന്യായികരിക്കുന്നത് ഖേദകരമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനാണെന്നും അദ്ദേഹം വ്യക്തമാക്കി. എം വി ഗോവിന്ദൻ വിഡ്ഢികളുടെ ലോകത്താണ് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
എ.ഐ.ക്യാമറ ഇടപാടിലെ കോടികളുടെ അഴിമതി സംബന്ധിച്ച ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. ്മുഖ്യമന്ത്രി ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അഴിമതി കയ്യോടെ പിടിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാത്തതിനാലാണ് അദ്ദേഹം ഒന്നും മിണ്ടാത്തത്. ഇതുവരെ ഒന്നും മിണ്ടാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇപ്പോൾ അഴിമതിയെ വെള്ളപൂശാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്ന ശേഷം ഇപ്പോൾ അദ്ദേഹം എന്തെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ട്. മാധ്യമങ്ങളെ നേരിൽ കണ്ടാൽ ചോദ്യങ്ങളുണ്ടാവുമെന്നതിനാലാണ് തന്നെ ആക്ഷേപിച്ച് കൊണ്ട് പ്രസ്താവന നൽകിയത്. അഴിമതി മൂടി വയ്ക്കാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ഗോവിന്ദൻ അവസാനിപ്പിക്കണം. വിവരാവകാശ നിയമം ഒന്ന് മനസ്സിരുത്തി വായിക്കണം. വിവരാവകാശ നിയമത്തെ ദൂർവ്യാഖ്യാനം ചെയ്ത് അഴിമതിക്കാരെ രക്ഷപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടി കണക്കിന് രൂപ അഴിമതി നടന്നിട്ടുള്ള എഐ ക്യാമറ പദ്ധതിയിൽ പൊതുജനതാൽപര്യം ഇല്ലെന്നുള്ള ഗോവിന്ദൻ മാഷിന്റെ നിലപാട് അപഹാസ്യമാണ്. അതോ പൊതുജനതാൽപര്യത്തിനേക്കാൾ മുകളിലാണോ അഴിമതിക്കാരുടെ താൽപര്യം എന്നാണോ അദ്ദേഹം കരുതുന്നത്. പരാതിയുണ്ടെങ്കിൽ കേസ് നൽകാത്തതെന്തന്നാണ് ഗോവിന്ദൻ മാഷ് ചോദിക്കുന്നത്. അപ്പീലല്ല, പരാതിയാണ് ഫയൽ ചെയ്യേണ്ടത്. വിവരാവാശ നിയമം 18 (1) പ്രകാരം വിവരങ്ങൾ നിഷേധിക്കപ്പെട്ട യാതൊരാൾക്കും വിവരാവകാശ കമ്മീഷനിൽ പരാതി ഫയൽ ചെയ്യാവുന്നതാണ്. സെക്ഷൻ 18 (3) പ്രകാരം പ്രസ്തുത പരാതിയിന്മേൽ അന്വഷണം നടത്താനും, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനും, ഫയലുകൾ വിളിച്ചുവരുത്താനും സംസ്ഥാന വിവരാവകാശ കമ്മീഷന് അധികാരമുണ്ട്. ഇക്കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഗോവിന്ദൻ മാഷ് സംസാരിക്കുന്നത്. പ്രതിപക്ഷം പറഞ്ഞ നുണക്കഥകളുടെ ആയുസ്സൊടുങ്ങി എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്ന ഗോവിന്ദൻ മാഷ് ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.

