അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘം

കമ്പം: അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം, ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപത്തേക്ക് അരിക്കൊമ്പന്‍ നീങ്ങുന്നുവെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് ആലോചന. അതിനായുള്ള നീക്കങ്ങള്‍ വനം വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

അതിനിടെ, അരിക്കൊമ്പന്‍ തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ തേക്കടിയില്‍ വനം വകുപ്പ് ജീവനക്കാരനെയും കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വനം വകുപ്പ് ഡിവിഷന്‍ ഓഫീസിലെ ക്ലര്‍ക്ക് റോബിന്‍ (38) ആണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ ആനയുടെ മുന്‍പില്‍ പെട്ടുപോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.