രാജസ്ഥാനിൽ കോൺഗ്രസ് പ്രതിസന്ധികൾക്ക് പരിഹാരം; അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒരുമിച്ച് നീങ്ങാൻ ധാരണയായി

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് പ്രതിസന്ധികൾക്ക് പരിഹാരം. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒരുമിച്ച് നീങ്ങാൻ ധാരണയായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് നേതാക്കളുടെ തീരുമാനം. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായത്.

അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ഇരു നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. നേതാക്കൾ ഒന്നിച്ചെത്തി മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അനുനയ ചർച്ചയിലാണ് സച്ചിൻ പൈലറ്റ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സച്ചിൻ പൈലറ്റിനെ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ഗലോട്ടിന് ഹൈക്കമാൻഡ് നിർദേശം നൽകി. വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സച്ചിൻ മുന്നോട്ടുവെച്ചിരുന്നത്.