സാമ്പത്തിക തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ

തൃശ്ശൂർ: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. 9 കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്. മലപ്പുറം പോലീസാണ് ഇവരെ പിടികൂടിയത്.

പല പരാതികളും ഇവർക്കെതിരെ ഉയർന്നു വന്നിരുന്നു. സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ഇവർ ശ്രമിക്കുന്നുവെന്ന ആരോപണവും തട്ടിപ്പിന് ഇരയായവർ ഉന്നയിച്ചിരുന്നു. ഒരു വർഷത്തോളമായി ഇവർക്കെതിരെ പല പരാതികളുമുയർന്നിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് അറസ്റ്റിലായത്.

രണ്ടര ലക്ഷം രൂപ തനിക്ക് നഷ്ടമായെന്നാണ് പരാതിക്കാരിയുടെ ആരോപണം. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവർ നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വിവിധ സ്റ്റേഷനുകളിലായി 9 കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.