ആലപ്പുഴ: കാലാവധി കഴിഞ്ഞ ഹൗസ്‌ബോട്ട് വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി സവാരി നടത്തുന്നതിനിടെ മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെയും 2 ബോട്ട് ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് പാഞ്ഞെത്തി രക്ഷിച്ചു. മണല്‍തിട്ടയില്‍ തട്ടി ബോട്ടിന്റെ അടിപ്പലകയിളകി വെള്ളം കയറിയെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയില്‍ നിന്നു പുറപ്പെട്ട ഈസ്റ്റേണ്‍ സെഫി എന്ന ബോട്ടാണ് ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്നില്‍ വേമ്പനാട് കായലിന്റെ ഭാഗമായ ചിത്തിരക്കായലില്‍ മുങ്ങിയത്. 3 വര്‍ഷം മുന്‍പ് ബോട്ടിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു. തമിഴ്‌നാട് ശ്രീരംഗം മലയപ്പാറ നഗര്‍ സ്വദേശികളായ മുത്തുക്കൃഷ്ണന്‍ (52), ഭാര്യ ദീപിക (48), മകള്‍ ശാന്തി എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. വെള്ളം കയറിയെങ്കിലും സാവധാനമാണു ബോട്ട് മുങ്ങിയത്.
അതേസമയം, 2012 ല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് സ്വദേശി എം.എസ് അഫ്‌സലിന്റെ പേരിലാണ് ബോട്ട് റജിസ്റ്റര്‍ ചെയ്തത്. പൂന്തോപ്പ് സ്വദേശി ചാണ്ടി ഫിലിപ്പ് ബോട്ട് വാങ്ങിയെങ്കിലും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല. പള്ളാത്തുരുത്തിയില്‍ റിലാക്‌സ് ഇന്‍ കേരള എന്ന ബോട്ട് സര്‍വീസ് സ്ഥാപനം നടത്തുന്ന അനസാണ് ഈ ബോട്ട് ദീര്‍ഘകാല വാടകയ്‌ക്കെടുത്ത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഓരോ വര്‍ഷവും സര്‍വേ നടത്തി ബോട്ടിന്റെ റജിസ്‌ട്രേഷന്‍ കാലാവധി പുതുക്കണം. 2012 ല്‍ റജിസ്റ്റര്‍ ചെയ്ത ‘ഈസ്റ്റേണ്‍ സെഫി’ അടുത്ത വര്‍ഷം സര്‍വേ നടത്താത്തതിനാല്‍ റജിസ്‌ട്രേഷന്‍ റദ്ദായി. 2018 ല്‍ സര്‍വേ നടത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ റജിസ്‌ട്രേഷന്‍ കിട്ടിയില്ല. 2020 ല്‍ ഇന്‍ഷുറന്‍സ് കാലാവധിയും അവസാനിച്ചു. റജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടാണെന്നു പോര്‍ട്ട് അധികൃതര്‍ക്കു കത്തു നല്‍കുമെന്നും മറുപടി കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

