സൂപ്പര്‍ ചെന്നൈ; ധോണിപ്പടക്ക് അഞ്ചാം ഐപിഎല്‍ കിരീടം

അഹമദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് 2023 ഐപിഎല്‍കിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തില്‍ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ കോണ്‍വെയും ഗെയിക് വാദും ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികള്‍ ഒന്നിനു പിറകെ ഒന്നായി പറന്നു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ തന്നെ ചെന്നൈയുടെ സ്‌കോര്‍ 70 റണ്‍സിന് മുകളിലായിരുന്നു.

എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ അഹമദ് ചെന്നൈ കിരീടസ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളില്‍ 47 റണ്‍സെടുത്ത കോണ്‍വെയും 16 ബൗളില്‍ 26 റണ്‍സെടുത്ത ഗെയ്ക്വാദിനെയുമാണ് നൂര്‍ കൂടാരം കയറ്റിയത്. എന്നാല്‍ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളില്‍ തന്നെ രണ്ട് സിക്സറുകള്‍ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവര്‍ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റണ്‍വേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവര്‍ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളില്‍ നിന്ന് 27 റണ്‍സാണ് സംഭാവന ചെയ്തത്. 12-ാം ഓവറില്‍ ശിവം ദുബെ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്‌സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകര്‍ത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവര്‍ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറില്‍ മുംബൈക്കെതിരെ നിര്‍ത്തിയിടത്ത് നിന്ന് തന്നെ ഗില്‍ തുടര്‍ന്നു. കൂടെ സാഹയും. ചെന്നൈ ഫീല്‍ഡര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 62 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ തലയുടെ മിന്നല്‍ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങില്‍ ഗുജറാത്തിന്റെ സ്റ്റാര്‍ പ്ലയര്‍ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗില്‍ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റണ്‍വേഗം കുറഞ്ഞു. സാഹയും സായി സുദര്‍ശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അര്‍ധസെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹര്‍ സാഹയെ വീഴ്ത്തി. രണ്ട് വിക്കറ്റ് പോയിനില്‍ക്കുന്ന സമയത്ത് ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദര്‍ശന്‍ മറുതലക്കല്‍ തകര്‍പ്പനടികള്‍ക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികള്‍ പായിച്ച് സുദര്‍ശന്‍ ചെന്നൈ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകര്‍ത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദര്‍ശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്‌കോര്‍ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദര്‍ശന്‍ കളം വിട്ടത്.