മഴയെത്തും മുൻപേ; സുരക്ഷിത യാത്രക്കായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: മഴക്കാലത്ത് റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. മഴസമയത്ത് നമ്മുടെ യാത്രകൾ സുരക്ഷിതമാക്കാനായി പൊതുജനങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാൽ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡിൽകൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കണം. ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവർമാർ ശ്രദ്ധിക്കപ്പെടാൻ നല്ലതാണ്. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കിൽ ഫുഡ്പാത്തിൽകൂടി നടക്കുക.

കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാൻ. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ. സൈക്കിൾ യാത്രചെയ്യുമ്പോൾ ഇരട്ട സവാരി ഒഴിവാക്കുക. നല്ല ത്രെഡുള്ള ടയറുകൾ, റിഫ്ളക്ടർ, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകൾ, ലൈറ്റ് എന്നിവ ഉറപ്പാക്കുക.

വളരെ വേഗത്തിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക. ഒരു വാഹനത്തേയും മറികടക്കരുത്. കുടചൂടിക്കൊണ്ട് സൈക്കിൾ ഓടിക്കരുത്. റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവർ റോഡ് മുറിച്ചുകടക്കാൻ ഇത് ഇടയാക്കും. വാഹനങ്ങളിൽ കുട്ടികളെ പറഞ്ഞുവിടുന്നവർ വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം. ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.