സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിനും സാമൂഹിക ഐക്യത്തിനും സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ടെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

അന്തമാനില്‍ സവര്‍ക്കര്‍ ശിക്ഷ അനുഭവിച്ച മുറി സന്ദര്‍ശിച്ച ദിവസം തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ സ്വാഭിമാനം നിറഞ്ഞ സ്വഭാവത്തിന് അടിമത്ത മാനസികാവസ്ഥ ഉള്‍ക്കൊള്ളാനായിരുന്നില്ലെന്നും മോദി വ്യക്തമാക്കി.

സവര്‍ക്കറുടെ 140-)ം ജന്മവാര്‍ഷിക ദിനമായ ഇന്നലെ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പുഷ്പാര്‍ച്ചന നടത്തി. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്ത ശേഷമാണ് സെന്‍ട്രല്‍ ഹാളിലെ സവര്‍ക്കറുടെ ഛായാചിത്രത്തില്‍ പ്രധാനമന്ത്രി മോദി പുഷ്പാര്‍ച്ചന നടത്തിയത്. ഒട്ടേറേ കേന്ദ്രമന്ത്രിമാരും എം.പി.മാരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ സവര്‍ക്കര്‍ ദേശസ്‌നേഹത്തിന്റെ വിളക്ക് ജ്വലിപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.