പുതിയ മാല്‍വെയര്‍; മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

മൊബൈല്‍ ഫോണുകളില്‍ ‘ഡാം’ എന്ന മാല്‍വെയര്‍ ഉപഭോക്താക്കള്‍ക്ക് ഭീഷണിയായതായി കേന്ദ്ര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഫോണില്‍ ആന്റി വൈറസ് ഇന്‍സ്റ്റോള്‍ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുവാനും കേന്ദ്ര ഏജന്‍സി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡാകുന്ന ഡാം മാല്‍വെയര്‍ ഫോണിലെ ആന്റ്വൈറസ് പ്രോഗ്രാമുകളെ തകര്‍ക്കുകയും മൊബൈല്‍ ഫോണില്‍ റാന്‍സംവെയര്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാര്‍ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഫയലുകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാല്‍വെയറിന് കഴിയും.

സംശയാസ്പദമായ നമ്ബറുകളില്‍ നിന്നുള്ള കോള്‍, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുന്നത് മാല്‍വെയര്‍ ആക്രമണത്തില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് കേന്ദ്ര ഏജന്‍സി പറയുന്നു. ഒപ്പം അജ്ഞാത വെബ്സൈറ്റുകള്‍, ലിങ്കുകള്‍ എന്നിവയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളില്‍ അപകടം പതിയിരിക്കുന്നുവെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.