രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ് പിണറായി വിജയൻ; പ്രശംസയുമായി തേജസ്വി യാദവ്

കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. എം പി വീരേന്ദ്ര കുമാർ അനുസ്മരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു തേജസ്വി യാദവ് പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചത്.

കേരളത്തെ പ്രശംസിച്ചും അദ്ദേഹം പരാമർശങ്ങൾ നടത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണ്. അതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അതുകൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.