ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റു ചെയ്യണമെന്ന് ഡൽഹി വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ച് ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ. ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റു ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെയും വിട്ടയക്കണമെന്ന ആവശ്യവും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഉന്നയിക്കുന്നുണ്ട്. താരങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.

പുതിയ പാർലമെന്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞാണ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിഷയത്തിൽ ഇടപെട്ടത്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മഹാപഞ്ചായത്ത് നടത്തുമെന്നായിരുന്നു ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചത്.