എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരും; അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: അരിക്കൊമ്പൻ വിഷയത്തിൽ പ്രതികരണവുമായി ഗണേഷ് കുമാർ എംഎൽഎ. എവിടെക്കൊണ്ടു വിട്ടാലും അരിക്കൊമ്പൻ തിരികെ വരുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് അതിനെ പിടിക്കുകയല്ലാതെ വേറെ മാർഗമില്ല. ഇതിനെ എവിടെക്കൊണ്ടു വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കുമെന്ന് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.

അരിക്കൊമ്പൻ ആദ്യം തേയിലത്തോട്ടത്തിലിറങ്ങി. പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി. അതിന് നാട്ടിലെ ആളുകളെ ഭയമില്ല. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്. ഈയിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തിൽ താൻ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ചു ലക്ഷം രൂപയുടെ കോളർ തമിഴ്‌നാട് സർക്കാർ കൊണ്ടുപോകുമെന്ന്. മിക്കവാറും അത് സംഭവിക്കും. ആനയ്ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ഇനി വീണ്ടും വരും. എത്രയും വേഗം മെരുക്കി കുങ്കി ആനയാക്കുക മാത്രമാണ് ഇനിയുള്ള ഏക വഴിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

താൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. അതിനെ സ്‌നേഹിക്കുകയും അതിന്റെ മനശാസ്ത്രം അറിയുകയും ചെയ്യാം. ആനത്താരയിൽ ആളുകൾ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ സ്ഥലംവച്ച് താമസിച്ചവരാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തിന്റെ മണം പിടിച്ചു കഴിഞ്ഞാൽ അത് തേടിവരും. ഈ ആനയക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ഓരോ ആനയ്ക്കും ഓരോ സ്വഭാവമുണ്ട്. ആവശ്യമില്ലാത്ത കാര്യത്തിൽ നമ്മൾ ഇടപെടരുത്. തമിഴ്‌നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. ഇടത്തേക്കാലിലെ മന്ത് എടുത്ത് വലത്തേകാലിൽ വച്ച അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പം ടൗണിലൊന്നും ആനയിറങ്ങി ചരിത്രമില്ല. കുമളി ടൗണിൽ ആനയിറങ്ങിയിട്ടുണ്ടോ. ഇപ്പോൾ ഈ ആന കുമളിയിലിറങ്ങിയേനെ. ഈ ആന ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അരിക്കൊമ്പൻ നല്ല ആരോഗ്യവാനാണ്. 45 കിലോമീറ്ററോളം യാത്ര ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ കപട ആന പ്രേമികളില്ല. ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ്. ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാൻ കഴിയില്ലെന്നും അവരുടെ തീരുമാനം ഇതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.