ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം രാജ്യത്തിനായി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ ചേംബറില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നാണയം പുറത്തിറക്കിയത്.
ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പുതിയ നാണയത്തിന് 34.65-35.35 ഗ്രാം തൂക്കമുണ്ടെന്നാണ് വിവരം. നാണയത്തിന്റെ ഒരുവശത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രത്തോടൊപ്പം 2023 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് അശോകസ്തഭത്തിലെ സിംഹവും ദേവനാഗിരി ലിപിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സത്യമേവ ജയതേ എന്ന് അടിയില്‍ കുറിച്ചതും പ്രത്യേകതയാണ്.

