തിരുവനന്തപുരം: താൻ ബിജെപി ആയെന്ന് ആദ്യം പറഞ്ഞത് മാധ്യമങ്ങളാണെന്ന് വ്യക്തമാക്കി പി സി ജോർജ്. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത് ഹൈന്ദവ സംസ്കാരത്തിൽ ശത്രുതയും പിണക്കവും ഇല്ലാത്തതിനാലാണ്. ഹൈന്ദവ രാഷ്ട്രമായിട്ട് പ്രഖ്യാപിച്ചാൽ ഈ നാട്ടിൽ സമാധാനം ഇതിന്റെ ഇരട്ടിയായിരിക്കും. അവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരം നടത്തിയപ്പോൾ കെ സുരേന്ദ്രൻ സമരപ്പന്തലിൽ എത്തി. അതോടെയാണ് മാദ്ധ്യമങ്ങൾ താൻ ബിജെപി ആയെന്ന് പറഞ്ഞത്. ശബരിമല സീസൺ ഉണ്ടാകുന്നു. ശബരിമലയിലേക്ക് പെണ്ണിനെ കൊണ്ടുപോകണം എന്ന് പറഞ്ഞ് പിണറായി വിജയൻ ചാടി. ശബരിമല പൂങ്കാവനം എന്ന് പറയുന്ന ആ മേഖല മുഴുവൻ പൂഞ്ഞാറാണ്. എനിക്കതിൽ ഇടപെടാതിരിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
താനവിടെ നിക്കുമ്പോ ഒത്തിരി രാഷ്ട്രീയക്കാർ വന്നു. കോൺഗ്രസുകാര്‍ വന്നു. ബിജെപിക്കാർ വന്നു, അങ്ങനെ പലരും വന്നു. എല്ലാരും വന്ന് എനിക്ക് കൈ തന്നേച്ച് പോയെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

