ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്ത ആര്‍ജെഡിയെ വിമര്‍ശിച്ചു ബിജെപി നേതാക്കള്‍ രംഗത്ത്.
‘ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവി. ഇതിനെക്കാള്‍ ദൗര്‍ഭാഗ്യകരമായി മറ്റെന്താണ് ഉള്ളത്. പുതിയ പാര്‍ലമെന്റ് പൊതുപണം കൊണ്ട് നിര്‍മ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സ്ഥിരമായി ബഹിഷ്കരിക്കാന്‍ ആര്‍ജെഡി തീരുമാനിച്ചോ? അവരുടെ എംപിമാര്‍ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെക്കുമോ? അവര്‍ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതില്‍പ്പരം മറ്റ് അനാദരവ് എന്താണ്? ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണ് കാണിക്കുന്നത്. ഇന്ന് ഒരു ശുഭദിനമാണ്,പുതിയ പാര്‍ലമെന്റ് രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ രാജ്യത്തിന് അഭിമാനത്തിന്റെ ദിവസമാണ്. ഇത്തരം ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണം’-ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
അതേസമയം, പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിക്കുന്നതെന്തിനെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ചോദിച്ചു. ‘മറ്റെന്തെല്ലാം പറയാന്‍ സാധിക്കുമായിരുന്നു. എന്തുകൊണ്ടാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വച്ചത്. ആര്‍ജെഡിക്ക് യാതൊരു നിലപാടുമില്ല. പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് ഡല്‍ഹി ഫയര്‍ സര്‍വീസിന്റെ അനുമതി പോലും ഇല്ല. പുതിയ പാര്‍ലമെന്റ് മന്ദിരം ലോക്സഭാ സ്പീക്കര്‍ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ താനാണ് എല്ലാം ചെയ്യുന്നതെന്നും മറ്റാര്‍ക്കും ഇതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 2014ന് മുന്‍പ് ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനുശേഷമാണ് എല്ലാം സംഭവിക്കുന്നതെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമം. പ്രധാനമന്ത്രി, സ്വയം പ്രചാരണം നടത്തുന്നതിനുള്ള മാര്‍ഗമായാണ് ഇതിനെ കാണുന്നത്’- ഒവൈസി പ്രതികരിച്ചു.

