ആധുനിക സമൂഹം എന്ന നിലയിൽ കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന് ഉത്തരവാദിത്തമുണ്ട്; വി ശിവൻകുട്ടി

തിരുവനന്തപുരം: വികലമായ ചരിത്രനിർമ്മിതി നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്ര പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആധുനിക സമൂഹം എന്ന നിലയിൽ കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വർത്തമാന കാലഘട്ടത്തിൽ ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. ശില്പശാലയിലൂടെ കുട്ടികൾ കണ്ടെത്തി തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശില്പശാല എന്തുകൊണ്ടും പ്രശംസനീയമാണ്. ആരാരും അറിയപ്പെടാതെ പോയ പ്രാദേശിക ചരിത്രശേഷിപ്പുകളെ കണ്ടെത്താനും അത് പഠനവിധേയമാക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കാൻ പാദമുദ്രകൾ എന്ന ശില്പശാലയ്ക്ക് കഴിയട്ടെയെന്ന് വി ശിവൻകുട്ടി ആശംസിക്കുകയും ചെയ്തു.