തൃശ്ശൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ പഠന റിപ്പോർട്ടുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സിൽവർ ലൈൻ പദ്ധതിയിൽ പുനർവിചിന്തനം വേണമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപൂർണമായ ഡി.പി.ആർ. തന്നെയാണ് പദ്ധതിയുടെ വലിയ ന്യൂനത. കെ- റെയിൽപോലെ വലിയൊരു പദ്ധതിക്ക് ഉണ്ടാകേണ്ട വിശദാംശങ്ങൾ ഡി.പി.ആറിൽ ഇല്ലെന്നും ഹരിതപദ്ധതിയെന്ന വാദം തെറ്റാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിൽവർ ലൈൻ പതായ്ക്ക് മാത്രമായി 7500-ഓളം വീടുകളും 33 ഫ്ളാറ്റുകളും 454 വ്യവസായ സ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും പൂർണമായും ഇല്ലാതാകും. 6,54,675 ചതുരശ്രമീറ്റർ അളവിൽ വാസമേഖലകൾ ഇല്ലാതാകും. ലൈനിന്റെ ഇരുവശവും 100 മീറ്റർ സോണിൽ 12.58 ഹെക്ടർ സ്വാഭാവിക വൃക്ഷലതാദികൾ, 54.91 ഹെക്ടർ കണ്ടൽവനങ്ങൾ, 208.84 ഹെക്ടർ കൃഷിയുള്ള നെൽപ്പാടങ്ങൾ, 18.40 ഹെക്ടർ കായൽപ്രദേശം, 1172.39 ഹെക്ടർ കുളങ്ങളും ചിറകളും, 24.59 ഹെക്ടർ കാവുകൾ എന്നിവ ഇല്ലാതാവും. പദ്ധതി വന്നാൽ ആകെ നഷ്ടമാവുക 1500 ഹെക്ടർ സസ്യസമ്പുഷ്ടമായ പ്രദേശങ്ങളാണ്. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ലെന്ന് വിമർശനവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.
പദ്ധതി വരുന്നതോടെ 1131 ഹെക്ടർ നെൽപ്പാടങ്ങളടക്കം 3532 ഹെക്ടർ തണ്ണീർത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവും. ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 42 ജലജീവികൾ ഈ പ്രദേശങ്ങളിലായുണ്ട്. 202.96 കിലോമീറ്റർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെയുള്ള 535 കിലോമീറ്ററിൽ 292.73 കിലോമീറ്ററും രണ്ടുമീറ്റർ മുതൽ എട്ടുമീറ്റർവരെ പൊക്കമുള്ള എംബാങ്ക്മെന്റാണ് നിർദ്ദേശിച്ചിരിക്കുന്നത്. 55 ശതമാനത്തോളം എംബാങ്ക്മെന്റാണ്. മഴക്കാലത്ത് പാതയുടെ കിഴക്കുഭാഗങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. എംബാങ്ക്മെന്റ് പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയെ നേരിടുന്നതിനുള്ള ഉയർന്ന നിലവാരമുള്ള എൻജിനീയറിങ്, പരിസ്ഥിതി പുനഃസ്ഥാപന നടപടികൾ സംബന്ധിച്ചുള്ള കാര്യങ്ങളും ഡി.പി.ആറിൽ വിശദീകരിച്ചിട്ടില്ല.

