അരിക്കൊമ്പന്‍ വനാതിര്‍ത്തിയില്‍; മയക്കുവെടി വെക്കുന്നത് അനിശ്ചിതത്വത്തില്‍

തേനി: തമിഴ്നാട്ടിലെ കമ്പത്ത് പരിഭ്രാന്തി പരത്തിയ അരിക്കൊമ്പന്‍ വനാതിര്‍ത്തിയിലെ ആനഗജം എന്ന ഭാഗത്ത് ഉണ്ടെന്ന് സൂചന. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി വനംവകുപ്പ് സംഘം ഈ സ്ഥലത്തേയ്ക്ക് തിരിച്ചു.

വനമേഖലയില്‍ മയക്കുവെടി വയ്ക്കാന്‍ സാധിക്കാത്തതിനാല്‍ സുരക്ഷിതമായ മേഖലയില്‍ അരിക്കൊമ്പന്‍ എത്തുമെന്നാണ് വനംവകുപ്പ് കരുതുന്നത്. കൊമ്പന്‍ നേരത്തെ ചുരുളി വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോള്‍ മയക്കുവെടി സംഘവും ഇവിടെയെത്തിയിരുന്നു. മേഘമല സി സി എഫിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്.

അതേസമയം, അരിക്കൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും നടപ്പിലാക്കുന്നുണ്ട്.