ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതര്‍ ഹോമം നടത്തി. പൂര്‍ണകുംഭം നല്‍കിയാണ് പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. പുതിയ ചെങ്കോലിനു മുന്നില്‍ മോദി നമസ്കരിച്ചതിനു ശേഷം ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. ശേഷം ലോക്സഭയില്‍ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ഥനയും നടന്നു.
ഉച്ചക്ക് ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും.

