രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശില്പി ആണ് പ്രമുഖ ആര്‍കിടെക്റ്റായ ബിമല്‍ ഹസ്മുഖ് പട്ടേല്‍. കാശി വിശ്വനാഥ് ഇടനാഴിയും സബര്‍മതി റിവര്‍ഫ്രണ്ട് പദ്ധതിയടക്കമുള്ള പ്രധാന നിര്‍മാണങ്ങളെല്ലാം രൂപകല്പന ചെയ്യുന്നത് ബിമല്‍ പട്ടേലാണ്.
അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിലെ ലയോള ഹാളില്‍ സ്കൂളില്‍ നിന്നാണ് ബിമല്‍ പട്ടേല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്റ് ടെക്നോളജിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ആര്‍ക്കിടെക്ചര്‍ പഠനം. തുടര്‍ന്ന് യുഎസിലെ യുസി ബെര്‍ക്ക്ലിയില്‍ 1995ല്‍ പിഎച്ച്ഡി നേടി. 1990ല്‍ പിതാവ് ഹസ്മുഖ് പട്ടേലിന്റെ സ്ഥാപനത്തില്‍ ചേര്‍ന്ന് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആരംഭിച്ചു. നിലവില്‍ കണ്‍സള്‍ട്ടന്‍സി പോളിസി റിസര്‍ച്ച് അഡ്വക്കസി ഓര്‍ഗനൈസേഷനായ എച്ച്സിപി ഡിസൈന്ഡ പ്ലാനിങ് ആന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഡോ. ബിമല്‍ പട്ടേല്‍.
2019ല്‍ പത്മശ്രീ അദ്ദേഹത്തെ തേടിയെത്തി. ആര്‍ക്കിടെക്ചറിനുള്ള ആഗാ ഖാന് അവാര്‍ഡ് (1992), വേള്‍ഡ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (1997), അര്‍ബന്‍ പ്ലാനിംഗ് ആന്റ് ഡിസൈനിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ ദേശീയ അവാര്‍ഡ് (2003), ഹഡ്കോ ഡിസൈന്‍ അവാര്‍ഡ് (2013) എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ പട്ടേല്‍ നേടിയിട്ടുണ്ട്.

