തൃശ്ശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. വരവൂർ തളിയിലിലുണ്ടായ തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ് മരിച്ചത്. 61 വയസായിരുന്നു. വീടിന്റെ പരിസരത്ത് നിന്ന രാജീവിനെ പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ചിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു. നാളികേരം പെറുക്കുകയായിരുന്ന രാജീവ്.
കാട്ടുപന്നിയുടെ ഇടിയേറ്റ് രാജീവ് നിലത്ത് വീണു. എന്നാൽ പന്നി ഇദ്ദേഹത്തെ വീണ്ടും വീണ്ടും ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റ രാജീവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലത്തും കോട്ടയത്തുമുണ്ടായ സംഭവങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കോട്ടയം എരുമേലിയിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. കൊല്ലത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാളും മരണപ്പെട്ടു.

