പുതിയ പാർലമെന്റ് മന്ദിരം: പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ ഉദ്ഘാടനം ചെയ്യുന്നത് എന്നതിൽ വലിയ കാര്യമില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ഡി.പി.എ.പി പാർട്ടി അധ്യക്ഷൻ ഗുലാം നബി ആസാദ്. ഇത്ര ചെറിയ സമയത്തിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഈ നേട്ടം കൈവരിച്ച കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. റെക്കോർഡ് സമയത്തിനുള്ളിൽ പുതിയ പാർലമെന്റ് മന്ദിരം സ്ഥാപിച്ചതിന് വിമർശിക്കുകയല്ല, ബിജെപി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താൻ കഴിയില്ലെന്നും ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു.