കേരളത്തിന് കനത്ത തിരിച്ചടി; വായ്പാ പരിധിയിൽ നിന്ന് 7,610 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന് കനത്ത തിരിച്ചടി. സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ നിന്ന് 7,610 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ ദൈനംദിന ചെലവുകൾക്ക് ഉൾപ്പെടെ സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

15,390 കോടി രൂപ മാത്രമായിരിക്കും പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന് വായ്പയിനത്തിൽ ലഭിക്കുക. വിവിധ ആവശ്യങ്ങൾക്കായി 2,000 കോടിരൂപയാണ് കേരളം ഇതിനോടകം വായ്പയായി എടുത്തിട്ടുള്ളത്. അതിനാൽ തന്നെ കേന്ദ്രസർക്കാർ നടപടി കേരളത്തിന് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, വായ്പ എടുക്കാനാവുന്ന തുകയെക്കുറിച്ചുള്ള വിവരം എത്രയാണെന്ന് നേരത്തെ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 32,440 കോടി രൂപയായിരുന്നു അന്ന് വായ്പാ പരിധിയായി അറിയിച്ചിരുന്നത്. ഇതിൽ നിന്നാണ് വൻ തുക വെട്ടിക്കുറച്ചത്. ഇപ്പോഴുള്ള വായ്പാ പരിധിയായ 15,390 കോടിയിൽ നിന്ന് 2,000 കോടി രണ്ട് മാസത്തെ പെൻഷൻ, ശമ്പളം എന്നീ ആവശ്യങ്ങൾക്കായി കേരളം വായ്പ എടുത്തിരുന്നു.