പുതിയ പാർലമെന്റ് മന്ദിരം; ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്

ബെംഗളുരു: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്. പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കെയാണ് ജെഡിഎസ് നിലപാട് വ്യക്തമാക്കിയത്.

ചടങ്ങിൽ എച്ച് ഡി ദേവഗൗഡ പങ്കെടുക്കും. ബിജെപിയുടെയോ ആർഎസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കല്ല, രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താൻ പോകുന്നതെന്ന് ദേവഗൗഡ വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിൽ വ്യക്തിതാത്പര്യം ഇല്ലെന്നും അദ്ദേഹം വിശദമാക്കി.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.

മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുന്നത്. പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർഖണ്ഡ്, മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ ഉൾപ്പെടെ 19 പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തിക്കിയത്.