ന്യൂഡൽഹി: കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനം ഉന്നയിച്ചത്. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത് രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങൾ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാൻ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഒൻപതു വർഷമായി കോൺഗ്രസും ഗാന്ധി കുടുംബവും പ്രധാനമന്ത്രിയെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. പാർലമെന്റ് നടപടിക്രമങ്ങളും മോദിയുടെ പ്രസംഗങ്ങളും തടയുകയാണ് കോൺഗ്രസ്. രാജ്യത്തെ വലിയ ഒരു വിഭാഗം മോദിക്കൊപ്പമുണ്ട്. ഇത് അംഗീകരിക്കാതെയാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രധാനമന്ത്രിയെയും ജനവിധിയെയും അംഗീകരിക്കാത്ത കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

