ഇടുക്കി: അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തിയ ശേഷം മടങ്ങിയതായി സിഗ്നൽ. കുമളി ടൗണിൽ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റർ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്നലുകളിൽ നിന്നും വനംവകുപ്പിന് വ്യക്തമായത്. ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാനയാണ് അരിക്കൊമ്പൻ.
ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ പ്രകാരമാണ് കുമളി ടൗണിൽ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റർ അകലെ വരെ ആനയെത്തിയെന്ന വിവരം മനസിലായത്. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പൻ മടങ്ങിയെന്നും വനംവകുപ്പ് അറിയിച്ചു. പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായി വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്. നിരീക്ഷണം തുടരുകയാണെന്ന് വനം വകുപ്പ് സംഘം അറിയിച്ചു.

