‘അതാണ് ജനാധിപത്യത്തിന്റെ ശക്തി; പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തില്‍ മോദിയുടെ മറുപടി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തി. അവരെല്ലാവരും ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ ഒന്നായി പങ്കെടുത്തു. രാജ്യം ഇന്നെന്ത് ചിന്തിക്കുന്നുവെന്ന് അറിയാന്‍ ലോകത്തിന് താത്പര്യമുണ്ട്. ഇവിടെയുള്ള ആളുകള്‍ എന്തിനാണ് ഞാന്‍ ലോക രാജ്യങ്ങള്‍ക്ക് വാക്സീന്‍ നല്‍കിയതെന്ന് ചോദിച്ചു. ഇത് ബുദ്ധന്റേയും ഗാന്ധിയുടേയും നാടാണെന്നാണ് എനിക്ക് പറയാനുള്ളത്. ശത്രുക്കളെപ്പോലും നമ്മള്‍ കരുതലോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍, ഞാന്‍ ലോകത്തിന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നിങ്ങള്‍ ഭരണത്തിലെത്തിച്ചതുകൊണ്ടാണ് ഈ ആത്മവിശ്വാസം ലഭിക്കുന്നത്. ഇവിടെ വന്നവരെല്ലാം ഇന്ത്യയെ സ്നേഹിക്കുന്നവരാണ്, മോദിയേയല്ല. തമിഴ് നമ്മുടെ ഭാഷയാണ്. അത് ഓരോ ഇന്ത്യന്റേയും ഭാഷണയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ. പപ്പുവ ന്യൂഗിനിയയില്‍ തിരുക്കുറലിന്റെ ടോക്പിസിന്‍ പരിഭാഷ പുറത്തിറക്കാന്‍ തനിക്ക് അവസരമുണ്ടായി’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജപ്പാന്‍, പപ്പുവാ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് പുലര്‍ച്ചെ ഇന്ത്യയില്‍ തിരിച്ചെത്തി.