കൊൽക്കത്ത: ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെതിരെയുള്ള പോരാട്ടത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണ തേടി ആംആദ്മി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൊൽക്കത്തയിലെത്തി മമതയെ നേരിൽ കണ്ടു. ഇന്ന് ഡൽഹിയിൽ സംഭവിച്ചത് നാളെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഏത് സംസ്ഥാനത്തും സംഭവിച്ചേക്കാമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു
മമത ബാനർജിയും ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപി രാജ്യത്തിന്റെ പേരുതന്നെ മാറ്റി പാർട്ടിപ്പേര് നൽകുമെന്നും ഭരണഘടനയെ തകർക്കുമെന്നും മമത വിമർശിച്ചു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി അതിക്രമം നടത്തുകയാണ്. ഇനി രാജ്യത്തെ രക്ഷിക്കാൻ സുപ്രീം കോടതിയ്ക്ക് മാത്രമേ കഴിയൂ. ബിജെപി കോടതി വിധികളെ ബഹുമാനിക്കുന്നില്ല. സുപ്രീംകോടതി വിധികളെ മറികടക്കാൻ കേന്ദ്രം ഗവർണറെ ഉപയോഗിക്കുകയും ഓർഡിനൻസ് ഇറക്കി കളിക്കുകയും ചെയ്യുന്നുവെന്ന് മമത ചൂണ്ടിക്കാട്ടി.

