കോഴിക്കോട്: 2000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 7 വർഷം കൊണ്ട് പ്രചാരത്തിലുള്ള കറൻസി പിൻവലിച്ചുവെന്നും കറൻസി ശക്തമല്ലെന്നതിന്റെ തെളിവാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചു. വെറും 7 വർഷം കൊണ്ട് പ്രചാരത്തിൽ ഉള്ള കറൻസിയാണ് പിൻവലിച്ചത്. കറൻസി ശക്തമല്ലെന്നതിന്റെ തെളിവാണത്. കറൻസി ശക്തമായാൽ മാത്രമെ സമ്പദ് വ്യവസ്ഥ ശക്തമായി നിലനിൽക്കൂവെന്ന് മുഖ്യമന്ച്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ദീർഘ വീക്ഷണത്തോടെയല്ല. അശാസ്ത്രീയ നികുതി പരിഷ്‌കാരം നേരിട്ട് ബാധിച്ചു. ഇപ്പോഴും വ്യാപാര സമൂഹം അത് അനുഭവിക്കുകയാണ്. ഭക്ഷ്യ പദാർത്ഥങ്ങൾക്ക് പോലും ജിഎസ്ടി ഏർപ്പെടുത്തുന്നു. കേരളം ഉൾപ്പെടെ അശാസ്ത്രീയത എതിർത്തിരുന്നു. അതെല്ലാം മറച്ചു വെച്ചാണ് കേരളം ചേർന്നാണ് നികുതി കൂട്ടിയത് എന്ന പ്രചാരണം. പ്രതിസന്ധികൾക്കിടയിലും നികുതി പരിഷ്‌കരണത്തിനും ധനകാര്യ മാനേജ്‌മെന്റിനും സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആഭ്യന്തര ഉൽപാദനം 12 ശതമാനം വളർച്ച രേഖപ്പെടുത്തി. നിക്ഷിപ്ത താല്പര്യക്കാരാണ് കേരളം വ്യവസായ സൗഹൃദ അന്തരീക്ഷം അല്ലെന്ന പ്രചാരണത്തിന് പിന്നിലുള്ളത്. അത്തരം പ്രചാരണം നടത്തുന്നത് ഇവിടെ നിക്ഷേപം നടത്തിയവരല്ലാ. കേരളത്തെ ഇകഴ്ത്തി കാട്ടാൻ വേണ്ടി മാത്രമാണിതെന്നും ഇതെല്ലാം കേരള വിരുദ്ധ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

