പാലക്കാട്: പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. ശബരിമല സ്‌പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.
തമിഴ്‌നാട് സ്വദേശി നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജ നടത്തിയ പ്രധാന പ്രതി നാരായണൻ ഒളിവിലാണ്. ഇയാൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

