ലൈംഗിക അതിക്രമ കേസ് : നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബ്രിജ്ഭൂഷൻ സിംഗ്

ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസിൽ സത്യം തെളിയിക്കാനായി താൻ നുണ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണെന്ന് ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ സിംഗ്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ബ്രിജ്ഭൂഷൻ സിംഗ് ഇക്കാര്യം അറിയിച്ചത്.

നുണ പരിശോധനയ്ക്കായി താൻ നാർക്കോ ടെസ്റ്റിനും പോളിഗ്രാഫ് ടെസ്റ്റിനും തയ്യാറാണെന്നും എന്നാൽ ഒരു നിബന്ധനയുണ്ടെന്നും അദ്ദേഹം അറിയിച്ചു. തന്നോടൊപ്പം ഈ പരിശോധനകൾക്ക് വിനേഷ് ഫോഗട്ടും ബജരംഗ് പുനിയയും തയ്യാറാകണം എന്നാണ് ബ്രിജ്ഭൂഷന്റെ നിബന്ധന. രണ്ടു ഗുസ്തിക്കാരും ടെസ്റ്റിന് തയ്യാറാണെങ്കിൽ മാധ്യമങ്ങളെ അറിയിക്കണമെന്നും താനും പരിശോധനയ്ക്ക് തയ്യാറാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

7 വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടുന്നു. തുടർന്ന് ഇയാൾക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബ്രിജ്ഭൂഷന് എതിരെ നടപടികൾ ഉണ്ടാകാതെ വന്നതോടെ ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചു. കർഷകരും സമരത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.