പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ്, അല്ലാതെ രാജ്യം അല്ല: അമിത് ഷായ്ക്ക് മറുപടിയുമായി കപിൽ സിബൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന രാജ്യസഭാംഗവുമായ കപിൽ സിബൽ. പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന അമിത് ഷായുടെ പരാമർശത്തിനാണ് കപിൽ സിബൽ മറുപടി നൽകിയത്. പ്രധാനമന്ത്രി എന്നാൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി മാത്രമാണെന്നും അല്ലാതെ രാജ്യം അല്ലെന്നും കപിൽ സിബൽ പറഞ്ഞു. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമിത് ജി, എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കപിൽ സിബൽ കുറിപ്പ് ആരംഭിക്കുന്നത്. ഭരണഘടനയെ കുറിച്ച് താൻ മനസ്സിലാക്കുന്നത് എന്തെന്നാൽ, പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി എന്നാൽ രാജ്യമല്ല. അതുപോലെ സർക്കാർ പ്രവർത്തിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, സർക്കാർ എന്നാൽ രാജ്യം അല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന മോദി സമുദായ സമ്മേളനത്തിൽ സംസാരിക്കവേയാണ് അമിത്ഷാ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പരാമർശം നടത്തിയത്. മോദി പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്നും അയോഗ്യനാക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒരാൾ ഒരു വ്യക്തിയെ അപമാനിക്കുന്നത് വലിയൊരു കാര്യമല്ലെന്നും എന്നാൽ ഒരാൾ ഒരു സമൂഹത്തെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുന്നത് രാജ്യത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.