ഇംഫാൽ: മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞ. സംഘർഷത്തെ തുടർന്നാണ് മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇംഫാലിലെ ന്യൂ ചേക്കോൺ മേഖലയിലാണ് സംഘർഷം ഉണ്ടായത്. മെയ്തി- കുകി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ടിടങ്ങളിൽ സംഘർഷം ഉണ്ടായി.
സംഘർഷം ഉണ്ടായ മേഖലകളിൽ സൈനിക വിഭാഗത്തെയും അർദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. ഒരു പ്രാദേശിക ചന്തയിൽ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. ഈ തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ന്യൂ ലാമ്പ്ളേ മേഖലയിൽ നിരവധി വീടുകൾക്ക് തീയിട്ടു. ഒട്ടേറെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മേഖലയിൽ കർശന നിരീക്ഷണം തുടരുകയാണ്. വെള്ളിയാഴ്ച വരെ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

