ന്യൂഡല്‍ഹി: വരുന്ന ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ദളിതയായ രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയാണെന്നും, പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സഭകളുടെ നാഥന് രാഷ്ട്രപതിയാണ്. പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അവസരം ഒരുക്കാനായി പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. ഭൂമിപൂജ നടത്തി തറക്കില്ലിട്ടത് പ്രധാനമന്ത്രിയായിരുന്നു.പാര്‍ലമെന്റിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തതും മോദി തന്നെ.

