ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയില്‍ നിന്ന് ഹൗറയ്ക്ക് പോകുന്ന ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് തകര്‍ന്നതിനെത്തുടര്‍ന്ന് ദുലാഖപട്ടണം – മഞ്ചൂരി റോഡ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
അതേസമയം, കേടുപാടുകള്‍ വിലയിരുത്തിയ ശേഷം ഹൗറയിലേക്ക് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. ‘ഇടിമിന്നലില്‍ ഡ്രൈവറുടെ കാബിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വൈദ്യുതിയും തടസപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’- അധികൃതര്‍ അറിയിച്ചു. എന്നാല്‍, ട്രെയിനില്‍ ഏറെ നേരം വൈദ്യുതി തടസപ്പെട്ടെന്ന് യാത്രക്കാര്‍ വ്യക്തമാക്കി.
സംഭവത്തില്‍ പുരി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വന്ദേഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

