ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ചം കാണിക്കുന്നതിനുള്ള പദ്ധതിയാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് നേരത്തെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. സഭയുടെ നാഥനല്ല, സർക്കാരിന്റെ തലവൻ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമർശനമാണ് പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നത്.
വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു. ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഒവൈസി ചോദിച്ചത്. എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൊതുപണം ഉപയോഗിച്ചല്ലേ അത് നിർമിച്ചത്. തന്റെ സുഹൃത്തുക്കളുടെ പണംകൊണ്ട് നിർമിച്ചതാണ് മന്ദിരം എന്ന നിലയിലാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അതേസമയം, സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെ വിമർശിച്ച് നേരത്തെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.

