കൊറിയന്‍ ഭാഷയിലേക്ക് ‘ദൃശ്യം’

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിക്ക് മറ്റ് വിദേശ ഭാഷകളില്‍ റീമേക്ക് വരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കൊറിയന്‍ ഭാഷയില്‍ ദൃശ്യത്തിന്റെ രണ്ട് സിനിമകളും ഒരുങ്ങാന്‍ പോകുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. പനോരമ സ്റ്റുഡിയോസും ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ദൃശ്യത്തിന്റെ കൊറിയന്‍ റീമേക്ക് ചിത്രീകരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് നടത്തിയ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

അതേസമയം ആന്തോളജി സ്റ്റുഡിയോസ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളാണ്. ഇത്തരത്തില്‍ ഇന്തോ-കൊറിയന്‍ സംയുക്ത നിര്‍മാണ സംരംഭം എന്ന നിലയിലാണ് ദൃശ്യത്തിന്റെ കൊറിയന്‍ റീമേക്ക് എത്തുന്നത്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ പാരസൈറ്റ് എന്ന സിനിമയിലെ നടനായ സോങ് കാങ് ഹോ ആയിരിക്കും മോഹന്‍ലാലിന്റെ വേഷത്തിലെത്തുക എന്നാണ് സൂചന.