തിരുവനന്തപുരം: സേഫ് കേരള പദ്ധതിയിൽ നിർമിതി ബുദ്ധി ഉപയോഗിച്ചിട്ടുള്ള ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് റിപ്പോർട്ട് സമർപ്പിച്ചു. എ.ഐ ക്യാമറ വാങ്ങാനുള്ള കെൽട്രോണിന്റെ ടെൻഡർ നടപടികൾ തീർത്തും സുതാര്യമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച്, സുതാര്യമായാണ് കെൽട്രോൺ ടെണ്ടർ നൽകിയിട്ടുള്ളത്. കെൽട്രോൺ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാഹ്യഏജൻസികൾക്ക് ഉപകരാർ നൽകാൻ പരിമിതികളില്ല. ഡാറ്റ സുരക്ഷാ, ഡാറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവയൊഴികെ എല്ലാ വിഭാഗത്തിലും ഉപകരാർ നൽകാം. ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉപകരാറിനെപ്പറ്റി കരാറിൽ പറഞ്ഞത് വീഴ്ചയായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉപകരാർ ആർക്കാണ് നൽകിയതെന്ന് പറയേണ്ടതില്ലായിരുന്നു. ഭാവിയിൽ ഇത്തരം കരാറുകളിൽ ഏർപ്പെടുമ്പോൾ കെൽട്രോൺ ശ്രദ്ധിക്കേണ്ട കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഗതാഗത വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് കെൽട്രോൺ ഡിപിആർ തയ്യാറാക്കി സമർപ്പിച്ചത്. പിന്നീട് അത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായ സാങ്കേതിക സമിതി പരിശോധിച്ച് അംഗീകാരം നൽകുകയായിരുന്നു.
ഈ സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാണ് സർക്കാർ കെൽട്രോണിന് ഓർഡർ നൽകിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായി സർവീസ് ലെവൽ കരാറിൽ ഏർപ്പെട്ടു. പദ്ധതി നടപ്പാക്കിയശേഷം മുന്നു മാസ ഇടവേളയിൽ സാങ്കേതിക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 20 തുല്യ ഗഡുക്കളായാണ് കെൽട്രോണിന് തുക കൈമാറുന്നത്.
സെൻട്രൽ വിജിലൻസ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് കരാർ. ഇതിന്റെ രേഖകളെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഡാറ്റാ സുരക്ഷ, ഡാറ്റാ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങൾ, കോൺഫിഗറേഷൻ എന്നിവയിലൊഴികെ ഉപകരാർ അനുവദനീയമാണ്. ക്യാമറ ടെൻഡറിൽ ഈ മാനദണ്ഡങ്ങൾ കെൽട്രോൺ ശരിയായി പാലിച്ചിട്ടുണ്ട്. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ ചുമതല നൽകിയതെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

