തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് നിർദ്ദേശം നൽകി മെഡിക്കൽ ബോർഡ്. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം.
ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വന്ദന ദാസ് കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് മെഡിക്കൽ ബോർഡ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. ഡോ. മോഹൻ റോയ് ഉൾപ്പെടെ ഏഴ് ഡോക്ടർമാർ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.
മനശാസ്ത്ര വിദഗ്ദ്ധരുടെ പ്രത്യേക സംഘം സന്ദീപിന്റെ മാനസിക നിലയെ കുറിച്ച് പരിശോധിച്ചിരുന്നു. ആറര മണിക്കൂറോളം നേരമാണ് ഇവർ പരിശോധന നടത്തിയത്.

