100 കോടി മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ, അതിനും മേലേ ജനവികാരം ഇളകിമറിയും; കെ സുധാകരൻ

തിരുവനന്തപുരം: നൂറുകോടി മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ, അതിനും മേലേ ജനവികാരം ഇളകിമറിയുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എല്ലാ ജനവിഭാഗങ്ങളും ഇതിൽ പങ്കെടുത്ത് ചരിത്രസംഭവമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും നിരക്കു കുത്തനെ കൂട്ടിയ പിണറായി സർക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സമരത്തിലേക്ക് യുഡിഎഫിന് ഇറങ്ങേണ്ടിവന്നത് പിണറായി സർക്കാർ നടത്തുന്ന കൊള്ളയിൽ സഹികെട്ടാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങൾ കടന്നുപോകുമ്പോഴാണ് പിണറായി സർക്കാർ കഠാര കുത്തിയിറക്കുന്നതുപോലെ വെള്ളക്കരം, വീട്ടുകരം, ഭൂനികുതി, കെട്ടിട നികുതി തുടങ്ങിയവ പതിന്മടങ്ങായി വർധിപ്പിച്ചത്. വെള്ളം, വൈദ്യുതി, പെട്രോൾ/ഡീസൽ തുടങ്ങിയ എല്ലാ അവശ്യസർവീസുകളുടെയും അവശ്യസാധനങ്ങളുടെയും വില കുത്തനേ കൂട്ടുകയും ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.

ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത് സർക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാൻ നടപ്പാക്കിയ ഗൂഢപദ്ധതിയാണ് എഐ ക്യാമറ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്രയെല്ലാം ആരോപണം ഉയർന്നിട്ടും വാ തുറക്കാൻ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ അതുപോലും ഒഴിവാക്കി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.

പത്തു വർഷം മുൻപ് ഒരു വ്യാജാരോപണത്തിന്റെ പേരിൽ ജനങ്ങളെ മുന്മുനയിൽ നിർത്തി സിപിഎം നടത്തിയപോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യുഡിഎഫ് നടത്തുന്നത്. അവർ അന്ന് തിരുവനന്തപുരം നഗരം മുഴുവൻ രാപകൽ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തിൽ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. സമരം ഒത്തുതീർപ്പാക്കാൻ യുഡിഎഫ് സർക്കാർ നടത്തിയ ജുഡീഷ്യൽ അന്വേഷണത്തെപോലും സിപിഎം സ്വാധീനിച്ചെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ ആരോപണങ്ങളെയും കശക്കിയെറിഞ്ഞുവെന്നും കെ സുധാകരൻ കൂട്ടിച്ചർത്തു.